സപ്ലൈകോ ഓണം ഫെയറുകൾ വ്യാഴാഴ്ച മുതൽ
ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (05.09.2024) വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിലിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ആദ്യവില്പന നടത്തും.സെപ്തംബര്‍ അഞ്ച് മുതൽ 14 വരെയാണ് ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകൾ സെപ്തംബര്‍ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്.
13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ്.എം.സി.ജി. ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50% വരെ വിലക്കുറവിൽ വില്പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.255 രൂപയുടെ 6 ശബരി ഉല്പന്നങ്ങൾ 189 രൂപയ്ക്ക് നല്കുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ അവതരിപ്പിക്കുന്നുണ്ട്.
ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും വിവിധ ബ്രാന്‍ഡുല്‍പ്പനങ്ങള്‍ നിലവിൽ നല്കിവരുന്ന വിലക്കുറവിന് പുറമെ 10ശതമാനം വരെ അധിക വിലക്കുറവ് നല്കുന്ന ഡീപ് ഡിസ്ക്കൗണ്ട് അവേഴ്സ് (Deep Discount Hours), പ്രമുഖ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫറും എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.ഹിന്ദുസ്ഥാൻ ലിവർ, ഐ.ടി.സി., ബ്രാഹ്മിൻസ്, നമ്പീശൻസ്, ഈസ്റ്റേൺ, സൺ പ്ലസ്, എന്നീ കമ്പനികളുടെ ഉല്പന്നങ്ങൾ പ്രത്യേക വിലക്കിഴിവിൽ മേളകളിൽ വില്‍ക്കുന്നതാണ്.