വിവാദങ്ങള്‍ വോട്ടായപ്പോൾ പാലക്കാട്ട് ചരിത്രം തിരുത്തി രാഹുൽ

നാടകങ്ങളുടെ വലിയ ചരിത്രമുണ്ട് കേരളരാഷ്ട്രീയത്തിന്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കുറുമുന്നണികളും കൂറുമാറ്റങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളുമെല്ലാം ഇവിടെ തരാതരം നടന്നു. ചില ഭാഗ്യപരീക്ഷണങ്ങള്‍ വിജയിച്ചു. മറ്റ് ചിലത് അപ്പാടെ പൊളിഞ്ഞു. അത്തരം വിവാദങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പും.കേരളത്തില്‍ ഇത്തവണ മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ പാലക്കാട്ടായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. രാഷ്ട്രീയ നാടകങ്ങളുടേയും കൂറുമാറ്റങ്ങളുടേയും കാഴ്ചയ്ക്ക് പാലക്കാട് സാക്ഷിയായി. അന്തിമഫലത്തിൽ വിവാദങ്ങളെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍മാങ്കൂട്ടത്തിന് ഗുണം ചെയ്തു. കാരണം പാലക്കാട് ഹാട്രിക് വിജയം നേടിയ ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തെ കടത്തിവെട്ടിയാണ് ഇത്തവണ രാഹുല്‍ പാലക്കാട്ടെ തേരാളിയായിരിക്കുന്നത്. 18,715 വോട്ടിന്റെ വിജയം. 2011-ല്‍ 7403 വോട്ടിന്റേയും 2016-ല്‍ 17,483 വോട്ടിന്റേയും 2021-ല്‍ 3859 വോട്ടിന്റേയും ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ വിജയം.

രാഹുലിന്റെ ചരിത്രവിജയം എതിരാളികൾ ഉയര്‍ത്തിയ പെട്ടി വിവാദം, സരിന്റെ കൂറുമാറ്റം, സന്ദീപിന്റെ വരവ്, അവസാന നിമിഷത്തെ പരസ്യ വിവാദം, ഒപ്പം ഷാഫി പറമ്പിലിന്റെ പാലക്കാട്ടെ സ്വാധീനം എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണെന്ന് പറയാതെ വയ്യ. ഇതെല്ലാം വലിയ രീതിയിലാണ് മണ്ഡലത്തില്‍ ചര്‍ച്ചയായത്. വടകരയില്‍ ഷാഫിയെ ജയിപ്പിച്ചാല്‍ പാലക്കാട്ട്‌ ബി.ജെപി.യെ ജയിപ്പിക്കുമെന്ന ധാരണയിലാണ് ഷാഫി വടകരയ്‌ക്കെത്തിയതെന്നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം. പറഞ്ഞത്. പക്ഷെ, ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കഴിഞ്ഞ തവണ ഇ.ശ്രീധരനുണ്ടാക്കിയ മുന്നേറ്റം പോലും കൃഷ്ണകുമാറിനുണ്ടാക്കാന്‍ സാധിച്ചില്ല. ആദ്യഘട്ടത്തിലല്ലാതെ ഒരിക്കലും കൃഷ്ണകുമാറിന് മുന്നേറാന്‍ പറ്റിയില്ല.

രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയെന്നതുകൊണ്ടു മാത്രമായിരുന്നു അന്നുവരെ സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിപ്പൊരിച്ച ഡോ. പി. സരിന്‍ ഒറ്റനിമിഷം കൊണ്ട് കളം മാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് സ്ഥാനാര്‍ഥിയായത്. ഇതിനെ വോട്ടര്‍മാര്‍ക്കിടയില്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനും യുഡി.എഫിനുമായി. ഇതിന്‌ശേഷം നീല ട്രോളിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ളപ്പണം കടത്തിയെന്ന ആരോപണം ഉന്നയിച്ചു. അര്‍ധരാത്രി വനിതാ നേതാക്കളുടെയടക്കം മുറികളില്‍ പോലീസ് റെയ്ഡ് നടത്തി. ഇത് വലിയ വിവാദത്തിനും വഴിവെച്ചു. ഒന്നും തെളിയിക്കാനാവാതെ വന്നതോടെ വിവാദം ഉന്നയിച്ചവര്‍ക്ക് തന്നെ അത് തിരിച്ചടിയായി. വിഷയത്തില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുയര്‍ന്നതോടെ പിന്നോട്ട് പോവേണ്ടിയും വന്നു. ഇതിനേയും യു.ഡി.എഫ്. തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.തോല്‍വി മണത്തതുകൊണ്ടാണ് ട്രോളി വിവാദത്തിലൂടെ സി.പി.എം വ്യാജപ്രചാരണം നടത്തുന്നതെന്ന യു.ഡി.എഫിന്റെ വാദം ശരിവെക്കുന്നത് കൂടിയായി വിവാദത്തില്‍ നിന്ന് സി.പി.എമ്മിന്റെ പിന്‍മാറ്റം. ഇത് വോട്ടിങ്ങിനെ കൃത്യമായി സ്വാധീനിക്കുകയും ചെയ്തു. അടുത്ത വിവാദം സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെടുത്തത് സംബന്ധിച്ചായിരുന്നു. ബി.ജെ.പി. വിട്ടുവന്ന സന്ദീപിന് ആദ്യം തന്നെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വാതില്‍ തുറന്നിട്ടത് സി.പി.എം നേതാക്കളായിരുന്നു. പക്ഷെ, അപ്രതീക്ഷിതമായിട്ടായിരുന്നു സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ്. ഇതോടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അതേ നേതാക്കള്‍ സന്ദീപിനെ വെറുക്കപ്പെട്ടവനാക്കി. മാത്രമല്ല, സ്ഥാനാര്‍ഥി പോലുമല്ലാഞ്ഞിട്ട് പോലും സന്ദീപിനെതിരേ രണ്ട് പ്രത്യേക പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കി. ഇത് വലിയ വിവാദത്തിലുമായി.

വര്‍ഗീയതയ്‌ക്കെതിരേ നാഴികയ്ക്ക് നാല്‍പത് വട്ടവും പറയുന്ന സി.പി.എം എന്തുകൊണ്ട് തന്റെ മുന്‍നിലപാടിനെ അപ്പാടെ തള്ളി കോണ്‍ഗ്രസിലെത്തിയ സന്ദീപിനെ അംഗീകരിക്കുന്നില്ല എന്നായിരുന്നു യു.ഡി.എഫിന്റെ ചോദ്യം. വര്‍ഗീയതയ്‌ക്കെതിരേ നിലപാടെടുത്തത് കൊണ്ടാണോ സന്ദീപിനെതിരേ പത്രപരസ്യം നല്‍കിയതെന്നും കോണ്‍ഗ്രസും യു.ഡി.എഫും ചോദിച്ചു. ഇതിനൊന്നും കൃത്യമായി മറുപടി പറയാന്‍ എല്‍.ഡി.എഫിനും സി.പി.എമ്മിനും സാധിച്ചില്ല. ഇതെല്ലാം വോട്ടാവുകയും ചെയ്തു.

Sorry!! It's our own content. Kodancherry News©