തുഷാരഗിരിയിൽ ഒരുവർഷത്തിലധികമായി ടൂറിസ്റ്റ് കോട്ടേജുകൾ അടഞ്ഞു കിടക്കുന്നു
കോടഞ്ചേരി: തുഷാരഗിരിയിൽ പ്രവർത്തിക്കുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കോട്ടേജുകളും, കോൺഫ്രൻസ് ഹാളും, റസ്റ്റോറന്റും മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഭാഗത്തുനിന്നും, സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. സ്‌ഥാപനങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്ത കരാറുകാർ ഉപേക്ഷിച്ചു പോകുമ്പോൾ വീണ്ടും വീണ്ടും കരാർ നൽകുന്നു എന്നല്ലാതെ സ്‌ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ടൂറിസം സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് നടത്താനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമമൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായ കോട്ടേജുകളും അതിനുള്ളിലെ ഫർണിച്ചറുകളും വെറുതെ കിടന്നു നശിക്കുന്നു. കെട്ടിടങ്ങളിലെ ഇലക്ട്രിക് ഉപകരണങ്ങളിൽ പലതും നിശ്ചലമാണ്.
ഒരു വർഷം തുഷാരഗിരിയിൽ എത്തുന്ന മൂന്നു ലക്ഷത്തിലധികം ടൂറിസ്‌റ്റുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി നാല് ടൂറിസ്‌റ്റ് കോട്ടേജ്, ഒരു ഡോർമെറ്ററി, ഒരു റസ്റ്റോറന്റ്, 100 പേർക്ക് ഇരിക്കാവുന്ന കോൺഫ്രൻസ് ഹാൾ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് സ്വകാര്യ വ്യക്തികൾക്ക് കരാറായി നൽകുന്നത്. പല കരാറുകാരും വിവിധ കാലഘട്ടങ്ങളിലായി കോട്ടേജുകളും, കോൺഫ്രൻസ് ഹാളും, റസ്റ്റോറന്റും കരാർ എടുത്തു നടത്തിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു പോവുകയാണ് പതിവ്. കോവിഡിന് മുമ്പ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനങ്ങളെല്ലാം പ്രവർത്തനം കോവിഡിനു ശേഷം കരാർ ഏറ്റെടുക്കാൻ ആളില്ലാതാവുകയും ചെയ്തതോടെ അടഞ്ഞു കിടന്നു. അങ്ങനെ 2023 ൽ 90000 രൂപമാസം വാടകയ്ക്ക് ഒരു വ്യക്തി കരാർ എടുത്തിരുന്നു നഷ്ടമായതിനാൽ അയാളും ഇതിൽനിന്ന് പിൻവാങ്ങി . എങ്കിൽ 2024ൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കാണ് കരാർ നൽകിയത് പക്ഷേ ഇതുവരെയും എടുത്ത കരാറുകാരൻ ഇതിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
കെട്ടിട വരുമാനത്തിന് പുറമേ പാർക്കിംഗ് ഫീസ്, വീഡിയോ ക്യാമറ, സ്റ്റിൽ ക്യാമറ ഫീസ് എന്നീനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഏകദേശം 6 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കുന്നുണ്ട്. തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികൾക്കുള്ള പ്രവേശന ഫീസ് ഈടാക്കുന്നത് വനം സംരക്ഷണ സമിതിയാണ്. വിദേശ പൗരന്മാർക്ക് കൂടിയ ഫീസ് ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ വനസംരക്ഷണസമിതിക്ക് ഒരു വർഷം 70 ലക്ഷത്തിനു മുകളിൽ രൂപയാണ് ലഭിക്കുന്നത്. ഈ തുക കോഴിക്കോട് വനം വികസന ഏജൻസിയുടെ ഇക്കോ സിസ്റ്റം മാനേജ്മെന്റ് ഫണ്ടിലേക്ക് ആണ് പോകുന്നത്.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കോട്ടേജുകളും റസ്റ്റോറന്റും ഡോർമെറ്ററിയും മുടക്കം കൂടാതെ നടത്തിക്കൊണ്ടു പോകുന്നതിന് ജില്ലാ ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നും, സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഓരോ വ്യക്തികളും കരാറെടുക്കുന്നു ഉപേക്ഷിച്ചു പോകുന്നു വീണ്ടും കരാർ നൽകുന്നതിനുള്ള കൊട്ടേഷനുകൾ വെക്കുന്നു എന്നല്ലാതെ ഇവ തുറന്നു പ്രവർത്തിക്കുന്നതിന് യാതൊരു നടപടികളും ഇല്ലാതായിരിക്കുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ തുഷാരഗിരിയിലെ കോട്ടേഴ്‌സുകളുടെയും , റസ്റ്റോറന്റ്, കോൺഫ്രൻസ് ഹാൾ എന്നിവയുടെ ചുമതല ഏറ്റെടുത്ത് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിനായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരുമ്പോഴും ടൂറിസം വകുപ്പിന്റെ ഈ നിസ്സംഗത ഒഴിവാക്കി തുഷാരഗിരിയിൽ എത്തിച്ചേരുന്ന എല്ലാ ടൂറിസ്റ്റുകൾക്കും ഹരിത ചട്ടം പാലിച്ചുകൊണ്ട് സഞ്ചാരികൾക്ക് ലഭ്യമാകണ്ട ഈ സൗകര്യങ്ങൾ എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിക്കണമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ ആവശ്യം.