കിടപ്പു രോഗികൾക്ക് സഹായമാവുന്ന കണ്ടുപിടുത്തവുമായി ജോ ഷിബു ജോസഫ് ദേശീയ മത്സരത്തിലേക്ക്

കോടഞ്ചേരി : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെപ്തംബർ 14,15,16 തിയ്യതികളിൽ ഡൽഹിയിൽ വെച്ച് നടത്തപ്പെടുന്ന 2020- 21 വർഷത്തെ ഇൻസ്പയർ അവാർഡ് ദേശീയ പ്രദർശന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന സംഘത്തിലേക്ക് കൂരാച്ചുണ്ട് സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ ജോ ഷിബു ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.

ദേശീയതലത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന ഈ മത്സരത്തിൽ രാജ്യമെമ്പാടുമുള്ള ആറാം ക്‌ളാസ്സ് മുതൽ പത്താം ക്‌ളാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനായി അവരുടെ മനസ്സിലെ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കി കാണിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
മില്യൺ മൈൻഡ്‌സ് ഓഗ്‌മെന്റിങ് നാഷണൽ ആസ്പിരേഷൻ ആൻഡ് നോളജ് (മാനക്) എന്ന് പേരിട്ട മത്സരത്തിൽ സംസ്ഥാന തലത്തിൽ ആയിരത്തിലേറെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ആശയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 കുട്ടികളാണ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്.
വീടുകളിൽ നിസ്സഹായരായി കഴിയുന്ന കിടപ്പുരോഗികളെ ഒരു കട്ടിലിൽ നിന്ന് മറ്റൊരു കട്ടിലിലേക്ക് മാറ്റിക്കിടത്താനോ കിടന്ന സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടുപോകുവാനോ ഒരാൾക്കു മാത്രമായി സാധിക്കാറില്ല. ഈ പ്രശ്നത്തിന് പരിഹാരമായാണ് ജോ ഷിബു തൻറെ കണ്ടു പിടുത്തം അവതരിപ്പിക്കുന്നത്.

വലിയ പണച്ചിലവില്ലാത്തതും ഒരാൾക്ക് മാത്രമായി എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നതുമായ ഈ ഉപകരണം വീടുകളിൽ കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് വലിയൊരു ആശ്വാസമാവും എന്നാണ് ജോയുടെ പ്രതീക്ഷ.
കോടഞ്ചേരി ഗവ.കോളേജ് അധ്യാപകനായ കല്ലടയിൽ ഷിബു ജോസഫിൻറെയും, കുളത്തുവയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ സിന്ധു ദേവസ്യയുടെയും മകനാണ് ഈ മിടുക്കൻ.
*** **** *** **** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക.:
https://chat.whatsapp.com/LeZQnYXpg6gINJBn9gSooD
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ് :
www.kodancherry.com
യുട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw