വിജയാഹ്ലാദത്തിനു പിന്നാലെ പൂളവള്ളിയിൽ ആക്രമണം; നിരവധി പേർക്ക് പരുക്ക്
കോടഞ്ചേരി : തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു പിന്നാലെ ശനിയാഴ്ച രാത്രി പുളവള്ളി ജംക്ഷനിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ നിരവധി പേർക്കു പരുക്ക്. പുളവള്ളിയിൽ വെച്ച് ആളുകൾ നടത്തിയ ആക്രമണത്തിൽ നടുപ്പറമ്പിൽ വീട്ടിൽ ഷിബു, ഷിബി, കുമാരൻ, സാബു, ജിഷ്ണു, അബി എന്നിവർക്കു പരുക്കേറ്റു.
ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി നടന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റ സിപിഎം പ്രവർത്തകരായ പാലക്കൽ സി റാജ്, കരീം, രാഹുൽ എന്നിവരെ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നടുപറമ്പിൽ വീട്ടിലേക്കു രാത്രി എത്തിയ ആളുകൾ കുടുംബാംഗങ്ങൾക്കു നേരെ ആക്രമണം നടത്തുകയായിരുന്നെന്നു നടുപ്പറമ്പിൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ബിജെപി റൂറൽ ജില്ലാ പ്രസിഡന്റ് ടി.ദേവദാസൻ പറഞ്ഞു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിളക്കുന്നേൽ ജോർജുകുട്ടി തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ സിപിഎം ഗുണ്ടകൾ ആക്രമി ക്കുകയായിരുന്നെന്നു ടി.ദേവദാസൻ ആരോപിച്ചു.
എന്നാൽ, തന്റെ വീടിനു നേരെ പടക്കം കത്തിച്ച് എറിയുകയും ചൈനീസ് പടക്കം വീട്ടിലേക്കു തിരിച്ചുവച്ച് പൊട്ടിക്കുകയും ചെയ്തതായി ജോർജ്കുട്ടി വിളക്കുന്നേൽ പറഞ്ഞു. വീട്ടിൽനിന്നു പുറത്തു പോയ പ്രവർത്തകരെ പുളവള്ളി ജംക്ഷനിൽ ടിപ്പർ ലോറികൊണ്ട് ഇടിപ്പിക്കാൻ ശ്രമിച്ചു. ഗുണ്ടകളെ തടയാൻ എത്തിയവരെ ആക്രമിക്കുകയായിരുന്നെന്നും ജോർജ്കുട്ടി വിളക്കുന്നേൽ പറഞ്ഞു. ഇരുവിഭാഗത്തിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തു. ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ വൈകിട്ട് 5ന് കോടഞ്ചേരി ടൗണിൽ പ്രകടനവും യോഗവും നടത്തുമെന്ന് ബി ജെപി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്റ് പി.ആർ.രാജേഷ് പറഞ്ഞു.
കടപ്പാട് : മലയാള മനോരമ